ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

പ്രാദേശിക  വികസന ചരിത്രം

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ ശ്രീ സൂര്യനാരായണ ക്ഷേത്രം ഇവിടെയുള്ളതിനാല്‍ കതിരവന്റെ ഊര് എന്ന് ഈ സ്ഥലം അറിയപ്പെട്ടുവെന്നും ഇതില്‍ നിന്നാണ് കതിരൂര്‍ എന്ന സ്ഥലനാമം ലഭിച്ചതെന്നും പറയപ്പെടുന്നു. എന്നാല്‍, വളരെ വിശാലമായ നെല്‍വയലുകള്‍ ധാരാളമുള്ള പ്രദേശമായതുകൊണ്ടും, എങ്ങും സമൃദ്ധമായി വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകള്‍ ഉള്ളതുകൊണ്ടും, ഈ സ്ഥലം കതിരൂര്‍ എന്നറിയപ്പെട്ടുവെന്ന മറ്റൊരു ഐതീഹ്യവും നിലവിലുണ്ട്. കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ മദ്ധ്യത്തില്‍ കൂടി കടന്നുപോകുന്ന തലശ്ശേരി-കൂര്‍ഗ് റോഡ് (ടി.സി.റോഡ്) കണ്ണൂര്‍ ജില്ലയിലെ അതിപ്രധാനമായ റോഡുകളില്‍ ഒന്നാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് വയനാട്, കുടക്, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കാപ്പി, കുരുമുളക്, ചന്ദനം, ഏലം, ചുക്ക് എന്നിവ വിദേശങ്ങളിലേക്ക് കയറ്റിയയക്കുവാന്‍ വേണ്ടി തലശ്ശേരി തുറമുഖത്ത് എത്തിയിരുന്നത് ടി.സി.റോഡുവഴിയാണ്. തലശ്ശേരി കടല്‍പാലത്തില്‍ നിന്നാരംഭിക്കുന്ന ഈ റോഡ് കേരള അതിര്‍ത്തിയിലുള്ള കൂട്ടുപുഴ പാലത്തിന്റെ 10 മീറ്റര്‍ അകലെ അവസാനിക്കുന്നു. ടിപ്പുവിന്റേയും പഴശ്ശിയുടെയും പതനത്തിനുശേഷം ബ്രിട്ടീഷുകാര്‍ വികസിപ്പിച്ചെടുത്ത റോഡാണിത്. കിഴക്കന്‍ മലയോരത്തെ, തലശ്ശേരിയുമായി ബന്ധിപ്പിക്കുന്ന തലശ്ശേരി-കൂര്‍ഗ് റോഡ് കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജീവനാഡി തന്നെയാണ്. 1922-ല്‍ സ്ഥാപിതമായ കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന് മഹത്തായ പാരമ്പര്യമാണുള്ളത്. പഴയ കോട്ടയം താലൂക്കിന്റെ നാനാഭാഗത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഹൈസ്ക്കുള്‍ വിദ്യാഭ്യാസം നേടിയത് കതിരൂരില്‍ നിന്നായിരുന്നു. വയനാട്ടില്‍ നിന്നും കിഴക്കന്‍ മലയോരങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കതിരൂരിലെ ഒഴിഞ്ഞ വീടുകളും, പീടികയുടെ മുകള്‍ത്തട്ടും വാടകയ്ക്കെടുത്തു താമസിച്ചാണ് പഠിച്ചിരുന്നത്. വളരെ വിസ്തൃതമായ ഒരു ഭൂവിഭാഗത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക മേഖലകളിലെ പുരോഗമനപരമായ മാറ്റങ്ങളുടെ സിരാകേന്ദ്രമെന്ന നിലയില്‍ ഈ വിദ്യാലയം എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിലുണ്ടായ സാമൂഹ്യ നവോത്ഥാനത്തിന്റെ പ്രതിഫലനം കതിരൂരിലും ഉണ്ടായി. സവര്‍ണ്ണരുടെ ഭീഷണിയെ വകവെക്കാതെ വൈ.എ.ചാത്തുക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ ശ്രീസൂര്യനാരായണ ക്ഷേത്രച്ചിറയില്‍ കുളിച്ച സംഭവം ഈ നാട്ടില്‍ കോളിളക്കം സൃഷ്ടിക്കുയുണ്ടായി. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നടന്ന മദ്യവര്‍ജ്ജന പരിപാടിയുടെ ഭാഗമായി കള്ളുഷാപ്പുകള്‍ പിക്കറ്റ് ചെയ്യപ്പെട്ടു. കതിരൂര്‍ ഹൈസ്ക്കുളിന് സമീപമുള്ള  പൂവ്വത്തിന്‍കീഴിലും, വേറ്റുമ്മലുള്ള കള്ള്ഷാപ്പുകള്‍ക്കു മുമ്പിലും രൂക്ഷമായ പിക്കറ്റിങ്ങ് സമരം അരങ്ങേറി. പൂവ്വത്തിന്‍കീഴില്‍ കള്ളുഷാപ്പ് പിക്കറ്റിങ്ങ് എ.കെ.ജി തന്നെ നേരിട്ട് നേതൃത്വം നല്‍കി. 1936 ജൂലായ് മാസത്തില്‍ എ.കെ.ജി.യുടെ നേതൃത്വത്തില്‍ മദിരാശിയിലേക്ക് പോയ പട്ടിണിജാഥയില്‍ കതിരൂരിലെ കെ.എന്‍. എന്ന ചാത്തുക്കുട്ടി നായരും അംഗമായിരുന്നു. ജാഥയില്‍ ലഘുലേഖ വിതരണത്തിന്റേയും പുസ്തക പ്രചാരണത്തിന്റേയും ചുമതലക്കാരനായിരുന്നു കെ.എന്‍ എന്ന് എ.കെ.ജി അദ്ദേഹത്തിന്റെ ആത്മകഥയില്‍ സ്മരിക്കുന്നു. 1930-കളില്‍ ഇ.എം.എസ്, എ.കെ.ജി, കൃഷണപിള്ള, എല്‍.എസ്സ്.പ്രഭു തുടങ്ങിയ നേതാക്കളുടെ നിരന്തരമായ സന്ദര്‍ശനവും സമ്പര്‍ക്കവും കൊണ്ട് കതിരൂരിലെ രാഷ്ട്രീയം ചലനാത്മകമായിമാറി. വിഷ്ണു ഭാരതീയന്‍, സിഎച്ച്.കണാരന്‍, കെ.എ.കേരളീയന്‍, മൊയാരത്ത് ശങ്കരന്‍, ആനന്ദതീര്‍ത്ഥന്‍ തുടങ്ങിയവരും കതിരൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 1934-ല്‍ ഡോ.രാജേന്ദ്രപ്രസാദ് കതിരൂര്‍ സന്ദര്‍ശിക്കുകയുണ്ടായി. അന്ന് കതിരൂര്‍ മാൈയാനിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം തര്‍ജ്ജിമ ചെയ്തത് സി.ആര്‍.രാമക്കുറുപ്പായിരുന്നു. 1936-ല്‍ കോട്ടയം താലൂക്ക് കോണ്‍ഗ്രസ്സില്‍ സമ്മേളനം നടന്നത് കതിരൂര്‍ വയലില്‍ ആയിരുന്നു. കെ.കെ.കുഞ്ഞികൃഷ്ണന്‍ അടിയോടി, കെ.വി.മന്ദന്‍ മേസ്ത്രി, മണക്കാടന്‍  ദാമുമാസ്റ്റര്‍, കെ.എന്‍.ചാത്തുക്കുട്ടി നായര്‍ എന്നിവരായിരുന്നു കതിരൂരിലെ പ്രമുഖ നേതാക്കള്‍. ദേശീയ പ്രസ്ഥാനത്തിന് കതിരൂരില്‍ മാത്രമല്ല കോട്ടയം താലൂക്ക് മുഴുവനായും സുശക്തമായ അടിത്തറ പണിയുവാന്‍ കതിരൂരിലെ അന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് സാധിച്ചു.

സാമൂഹിക സാംസ്കാരികചരിത്രം

പൊന്ന്യത്തകത്തൂട്ട് മനയിലെ തമ്പ്രാക്കന്മാര്‍ കതിരൂര്‍ പ്രദേശത്തെ വലിയ പ്രഭുക്കന്മാര്‍ ആയിരുന്നു. കതിരൂര്‍ പ്രദേശത്തെ ഭൂമി മുഴുവനും ഒരു കാലത്ത് ഏതാനും ഭൂപ്രഭുക്കന്‍മാരുടെ അധീനതയിലായിരുന്നു. കുടിയാന്മാരില്‍ നിന്ന് വാരവും, പാട്ടവും യഥേഷ്ടം വസൂലാക്കുകയും നിരവധി അന്യായ പിരിവുകള്‍ നടത്തുകയും ചെയ്തിരുന്നു. 1930-ന് മുമ്പ് കതിരൂരില്‍ കേവലം കൃഷിയെ അടിസ്ഥാനമാക്കിയുള്ള തൊഴിലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്ത്രീ തൊഴിലാളികള്‍ക്ക് ഒരണയും പുരുഷന് രണ്ടണയുമായിരുന്നു ദിവസക്കൂലി. (16 അണ=1ക)കതിരൂരിലെ പാടങ്ങള്‍ പ്രധാനമായും ഇരുപ്പു നിലങ്ങളായിരുന്നു. വിശാലമായ വയലുകളുടെ നാനാഭാഗത്തുനിന്നും ഉയരുന്ന വടക്കന്‍ പാട്ടിന്റെ ഈരടികളിലൂടെ ഞാറുനടുന്ന ദൃശ്യം ഏറെ ചൈതന്യമാര്‍ന്നതായിരുന്നു. ഉച്ചമ്പള്ളി ശങ്കരന്‍ ഗുരുക്കളാണ് വടകരയില്‍ നിന്നും ചുരുട്ടുപണി പരിശീലിച്ച് കതിരൂരില്‍ പ്രചരിപ്പിച്ചത്. തൊഴിലില്ലാത്ത നിരവധി ചെറുപ്പക്കാരെ ഗുരുക്കള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചിരുന്നു. പൊന്ന്യം സ്രാമ്പി മുതല്‍ 5-ാം മൈല്‍ വരെയുള്ള പ്രദേശങ്ങളില്‍ നിരവധി പണിശാലകള്‍ ഉയരുകയും കതിരൂര്‍ ഒരു പ്രധാന ചുരുട്ടുനിര്‍മ്മാണ കേന്ദ്രമായി വളരുകയും ചെയ്തു. പുതിയ സിഗാര്‍ നിയമം മറികടന്നത് ഭാസ്കര്‍ ചുരുട്ടുകമ്പനിയെ ചെറുകിട യൂണിറ്റുകളാക്കി മാറ്റുന്നതിനെതിരെ 29 ദിവസം നീണ്ടുനില്‍ക്കുന്ന ഐതിഹാസികമായ സ്റ്റെ-ഇന്‍-സ്ട്രൈക്ക് സമരം തൊഴില്‍ സമര ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ചിറക്കലില്‍ നിന്ന് ഇവിടെ താമസമാക്കിയ പോത്തന്‍ ഗോവിന്ദനാണ് 5 കൈത്തറി മഗ്ഗങ്ങള്‍ തരുവണത്തെരുവില്‍ കൊണ്ടുവന്നത്. അതുവരെ കുഴിത്തറികളായിരുന്നു നെയ്തിരുന്നത്. 1936 മുതല്‍ അസംഘടിത മേഖലയില്‍ പലയിടത്തും ബീഡി തെറുപ്പ് നടന്നിരുന്നു. കതിരൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട മറ്റൊരു ആരാധനാലയമാണ് പുല്ല്യോട്ട് ശ്രീകൂറുമ്പക്കാവ്. ശ്രീകൂറുമ്പഭഗവതിയാണ് കാവിലെ പ്രധാന ആരാധനാമുര്‍ത്തി. പ്രാചീനകാലത്ത് കുറുമര്‍ ആരാധിച്ചുവന്നിരുന്ന ഭഗവതി, പില്‍കാലങ്ങളില്‍ കൂറുമ്പ ഭഗവതി എന്നറിയപ്പെട്ടുവെന്നാണ് ചിലര്‍ പറയുന്നത്. അഞ്ഞൂറ്റന്‍മാര്‍, മുന്നൂറ്റന്‍മാര്‍, പെരുവണ്ണാന്‍മാര്‍, മലയര്‍ തുടങ്ങിയ സമുദായങ്ങളാണ് പ്രധാനമായും തെയ്യംകെട്ടിയാടുന്നത്. കോട്ടയം തമ്പുരാന്റെ കുടുംബാംഗങ്ങളെ ആയോധനകല പഠിപ്പിക്കുവാന്‍ അന്യദേശത്തില്‍ നിന്നു ക്ഷണിച്ചുവരുത്തി കതിരൂരില്‍ കുടിയിരുത്തിയ സുപ്രസിദ്ധ കളരി ആചാര്യനായിരുന്നു കതിരൂര്‍ ഗുരുക്കള്‍ എന്നു പറയപ്പെട്ടിരുന്നു. കിഴക്കെ കതിരൂരിലെ നാല് പുരയിടങ്ങള്‍ കോട്ടയം തമ്പുരാന്‍ അദ്ദേഹത്തിന് സ്വന്തമായി ചാര്‍ത്തിക്കൊടുത്തു. രാജ്യത്തിന്റെ നാനാഭാഗത്തും ഗുരുക്കള്‍ കളരികള്‍ സ്ഥാപിക്കുകയും നിരവധി യുവാക്കള്‍ക്ക് ആയോധന വിദ്യയില്‍ ഉന്നത പരിശീലനം നല്‍കുകയും ചെയ്തു. 42 കളരികളുടെ അധിപനും പത്തായിരത്തോളം വരുന്ന യോദ്ധാക്കളുടെ ആചാര്യനുമായ കതിരൂര്‍ ഗുരുക്കളുടെ ഒരു കളരിയുടെ അവശിഷടങ്ങള്‍ കിഴക്കേ കതിരൂരില്‍ ഇപ്പോഴും കാണപ്പെടുന്നുണ്ട്. (ഇപ്പോള്‍ പാട്യം പഞ്ചായത്തിലാണുള്ളത്.) പ്രാചീനമായ ശിലാനിര്‍മ്മിത ഗുഹകള്‍ കതിരൂരിന്റെ ചില ഭാഗങ്ങളില്‍ കാണുന്നുണ്ട്. കതിരൂര്‍ പഞ്ചായത്തില്‍ കുറേ വര്‍ഷങ്ങള്‍ക്ക്മുമ്പ് കന്നംകുഴി എന്ന അഗാധഗര്‍ത്തമുണ്ടായിരുന്നു. ചെങ്കല്ല് വെട്ടിയെടുത്ത ഈ കുഴിയുടെ അടിഭാഗത്ത് തെക്കു വശത്തായി അര്‍ദ്ധവൃത്താകൃതിയില്‍ പാറതുരന്നുണ്ടാക്കിയ ഒരു വലിയ ഗുഹയുണ്ടായിരുന്നു. പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ ചമ്പ്ളോന്റവിട എന്ന പറമ്പത്ത് ഒരു ശിലാനിര്‍മ്മിത ഗുഹ പഞ്ചായത്തില്‍ ഇപ്പോഴുമുണ്ട്. ശാക്തേയ പൂജകഴിക്കുന്ന ദേവി ക്ഷേത്രത്തിന്റെ സമീപത്താണ് ഇതുള്ളത്. പുറമെനിന്ന് നോക്കുമ്പോള്‍ ചെങ്കല്ല് തുരന്നുണ്ടാക്കിയ ഗുഹയുടെ ഉള്‍വശം ഏകദേശം 4 മീറ്റര്‍ വരെ കാണാവുന്നതാണ്.  സാഹിത്യ ലോകത്തിലെ അതുല്യ തേജ്ജസ്സായി പ്രശോഭിച്ചിരുന്ന കെ.വി.മനന്‍ ഗുരുക്കള്‍ കതിരൂര്‍ സ്വദേശിയാണ്. പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മയുടെ കീഴില്‍ സംസ്കൃതം പഠിക്കുകയും പില്‍ക്കാലത്ത് മഹാപണ്ഡിതനായും പ്രശസ്തിനേടിയ മനന്‍ ഗുരുക്കള്‍ ഭക്ത പ്രലാപം, ദിവാകര ചിന്ത, നളിനി-സംസ്കൃത വിവര്‍ത്തനം, സമീക്ഷാസൌധം എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. ഉത്തമഗദ്യകാരന്‍, ഉല്‍കൃഷ്ട കവി, ഉന്നത വിമര്‍ശകന്‍, ഉജ്ജ്വല വാഗ്മി എന്നീ നിലകളില്‍ വൈജ്ഞാനിക ലോകം അദ്ദേഹത്തെ ആദരിക്കുന്നു.