ജല ബഡ്ജറ്റ്
കതിരൂര്‍ ജൈവവൈവിധ്യങ്ങളുടെ കലവറയായ ഒരു ചെറിയ ഗ്രാമമാണ്. കല്ലുമ്പ്രം, എരുവട്ടി, പൊന്ന്യം എന്നീ നീര്‍ത്തടങ്ങൾ ഈ പഞ്ചായത്തിൽ ഉള്‍പ്പെടുന്നു. കല്ലുമ്പ്രം നീര്‍ത്തടത്തിൽ 13 കുളങ്ങളും എരുവട്ടി നീര്‍ത്തടത്തിൽ 7 കുളങ്ങളും പൊന്ന്യം നീര്‍ത്തടത്തിൽ 10 കുളങ്ങളും ഉണ്ട്. ജലാശയങ്ങളില്‍ ഭൂരിഭാഗവും വേനല്‍ക്കാലത്ത് വറ്റാറുണ്ട്. ഭൂഗര്‍ഭജലം താഴുന്ന പ്രദേശം എന്ന നിലയിലും കതിരൂർ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവിടെയാണ് ജലബജറ്റിന്റെ പ്രധാന്യം വിരൽ ചൂണ്ടുന്നത്. ധാരാളം ജലസംരക്ഷണ പ്രവര്‍ത്തനങ്ങൾ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്. പഞ്ചായത്ത് നടപ്പിലാക്കി വരുന്ന ഉറവ പദ്ധതി തണ്ണീര്‍ത്തടങ്ങളെ കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ്. നീരൊഴുക്ക് പ്രദേശങ്ങളിലൂടെയുള്ള ജനകീയ നടത്തവും ഡാറ്റാശേഖരണവും ശ്രദ്ധേയമായി. ഹരിതകേരള മിഷനും പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് കേരളത്തിൽ ആദ്യമായി തോട് സഭ നടത്തി. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി 5000ലധികം പേര് പങ്കെടുത്ത് തോടുകളും കുളങ്ങളും ശുചീകരിച്ചു. ഭൂഗര്‍ഭ ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത് ആവിഷ്ക്കരിച്ച പദ്ധതിയാണ് നീന്തൽ ഗ്രാമം. ജലലഭ്യത, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നിവ കോര്‍ത്തിണക്കി സൂര്യനാരായണ ക്ഷേത്രക്കുളം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ച് പഞ്ചായത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തൽ പരിശീലനം നല്കി വരുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഏതാണ്ട് 2000 ത്തിലധികം പേര് ഈ പദ്ധതിയിലൂടെ നീന്തൽ പഠിക്കുകയുണ്ടായി. പഞ്ചായത്തിലെ ശോചനീയാവസ്ഥയിലുള്ള മറ്റ് സ്വകാര്യ കുളങ്ങളും പഞ്ചായത്ത് ഏറ്റെടുത്ത് ശുചീകരിച്ച് നീന്തല്‍ ഗ്രാമം പദ്ധതിയുടെ ഭാഗമാക്കുന്ന പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. അതുവഴി പഞ്ചായത്തിലെ ഭൂഗര്‍ഭ ജലത്തിന്റെ തോത് ഉയര്‍ത്താൻ പഞ്ചായത്തിന് സാധിക്കും. നീര്‍ത്തട സംരക്ഷണത്തിനായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്ത നനവ് പദ്ധതിയുമായി ഇഴചേര്‍ന്നുകൊണ്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്.